ദില്ലി: ഐഎന്‍എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിലെ നാല് മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 71 മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കത്തില്‍ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് നീതി ആയോഗ് മുന്‍ സിഇഒ സിന്ധുശ്രീ ഖുള്ളര്‍ ഉള്‍പ്പെടെ നാല് വിരമിച്ച ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ഖുള്ളറെ കൂടാതെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സെക്രട്ടറിയായിരുന്ന അനൂപ് കെ പൂജാരി, ധനകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറായിരുന്ന പ്രബോദ് സക്സേന, സാമ്ബത്തികകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരം ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍, വിദേശകാര്യ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പഞ്ചാബ് മുന്‍ ഡിജിപി ജൂലിയോ റിബേറിയോ തുടങ്ങിവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമായി ചിലരെ മാത്രം തിരഞ്ഞുപിടിച്ച് നടത്തുന്ന ഈ നടപടികളില്‍ ആശങ്കയുണ്ടെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ക്രിമിനല്‍ നടപടികളുടെ ഭാരം വഹിക്കുന്നവരായി ഉദ്യോഗസ്ഥരെ മാറ്റുകയാണെന്നും കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്നും ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.