ജനങ്ങളെ അനാവശ്യമായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിക്കരുത് – ജില്ലാ കലക്ടര്‍ – കണ്ണൂർ

110

കണ്ണൂർ : വിവിധ ആവശ്യങ്ങളുമായെത്തുന്ന ജനങ്ങളെ അനാവശ്യമായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകളിലെത്തുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കണം. അനുകൂല തീരുമാനമല്ലെങ്കില്‍ കാരണം വിശദീകരിച്ചു കൊടുക്കണം. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും മികച്ച മാറ്റങ്ങളുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

225 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 62 എണ്ണം തീര്‍പ്പായി. ബാക്കിയുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡ്, ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപേക്ഷകളും ലഭിച്ചത്. പട്ടയം, വായ്പ എഴുതിതള്ളല്‍, ജപ്തി ഒഴിവാക്കല്‍, ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളും അദാലത്തില്‍ പരിഗണിച്ചു. ഇത് നാലാം തവണയാണ് ഇരിട്ടി താലൂക്കില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, എഡിഎം ഇ പി മേഴ്സി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

NO COMMENTS