വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചു കാണിച്ച ഡോക്ടര്‍ മരിച്ചു

237

കൊച്ചി • വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചു കാണിച്ചതിനെ തുടര്‍ന്നു ഓര്‍മ നഷ്ടപ്പെട്ടു പൂര്‍ണമായി തളര്‍ന്നു പോയ ആയുര്‍വേദ ഡോക്ടര്‍ പി.എ. ബൈജു മരിച്ചു. 2007 ജനുവരി 25നാണ് പായിപ്ര മാനാറി പണ്ടിരിപുത്തന്‍പുര എം. അയ്യപ്പന്റെയും, ലീലയുടെയും മകന്‍ ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്.ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ എത്തിയ രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപണമുയര്‍ന്നു. അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ മരുന്നു ബൈജു കുടിച്ചു കാണിച്ചു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.എന്നാല്‍ മരുന്നു കുടിച്ച ബൈജു ഉടനെ തളര്‍ന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീട് പലയിടങ്ങളിലായി ചികിത്സ തുടര്‍ന്നുവെങ്കിലും രോഗാവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.
രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്തുവാണ് ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്തമായിരുന്നു. മരുന്നുമായി എത്തിയ രോഗിയുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.

NO COMMENTS

LEAVE A REPLY