ന്യൂഡല്‍ഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. 2009 നവബംറിലാണ് ഡല്‍ഹി ഹൈക്കോടതി ഫുള്‍ബെഞ്ച് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ 2010 നവബംറില്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്കി. ഇതു പരിഗണിച്ചു സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. ആറു വര്‍ഷത്തിനുശേഷം 2016-ലാണു ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത്.
ചീഫ് ജസ്റ്റീസിനു പുറമേ, ജസ്റ്റീസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണു കേസില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാര്‍. 2007-ല്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ വിവരാവകാശ അപേക്ഷ നല്കി.
ചീഫ് ജസ്റ്റീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അന്നു രജിസ്ട്രി നല്കിയ മറുപടി. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു വിധിച്ചത്.