കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഉണക്കമീന്‍ കഴിച്ച് വളര്‍ത്തു നായ ചത്തു. നായയുടെ ഉടമ കാഞ്ഞിരപ്പള്ളി മുണ്ടു ചിറ സ്വദേശി ജോഷി തോമസ് ഉണക്ക മീന്‍ വിറ്റ പൊന്‍കുന്നത്തെ വ്യാപാര സ്ഥാപനത്തിനെതിരെ പൊലീസിനും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതി കൊടുത്തു. ഇതേ തുടര്‍ന്ന് കടയില്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം ഉണക്ക മീന്‍ പിടിച്ചെടുത്തു.പൊന്‍കുന്നത്തെ ഉണക്ക മീന്‍കടയില്‍ നിന്ന് ഒരു കിലോ ഉണക്ക മീന്‍ ജോഷി തോമസും ഭാര്യയും ബുധനാഴ്ച വാങ്ങിയത്. വെള്ളിയാഴ്ച കറി വച്ചു. എന്നാല്‍ അരുചി കാരണം കഴിക്കാനായില്ല. പിറ്റേ ദിവസം രാവിലെ വളര്‍ത്തു നായക്ക് ചോറില്‍ ഉണക്ക മീന്‍ കറി ഇളക്കി കൊടുത്തു. പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ നായ കരച്ചില്‍ തുടങ്ങി. വായില്‍ നിന്ന് നുരയും പതയും വന്നു. മൃഗാശുപത്രിയില്‍ പോയി മരുന്ന് വാങ്ങിക്കൊടുത്തു. പക്ഷേ വൈകീട്ടോടെ നായ ചത്തു.ഓമനിച്ച് വളര്‍ത്തിയ നായ ചത്തു പോയതിന്റെ സങ്കടത്തിനൊപ്പം ഉണക്കമീന്‍ കഴിച്ചിരുന്നുവെങ്കില്‍ തങ്ങളുടെസ്ഥിതിയെന്താകുമായിരുന്നുവെന്നോര്‍ത്താണ് ജോഷി പൊലീസിന് പരാതി നല്‍കിയത്. വിഷം കലര്‍ന്ന മീനാണ് ഉണക്ക മീന്‍ കടയില്‍ വിറ്റതെന്നാണ് പരാതി.