നോർക്ക റൂട്ട്‌സ് വഴി ഗാർഹിക ജോലി: കൂടുതൽ പേർ കുവൈറ്റിലേക്ക്

125

തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന കുവൈറ്റിലേക്ക് ഗാർഹിക ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവർ ഉടൻ പുറപ്പെടും. നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പുതിരി ഉദ്യോഗാർത്ഥികൾക്ക് വിസ, വിമാനടിക്കറ്റുൾപ്പെടെയുള്ള അവശ്യ രേഖകൾ കൈമാറി. വിദേശ രാജ്യങ്ങളിലേയ്ക്ക് സുരക്ഷിതവും നിയമപരവും സുതാര്യവുമായ കുടിയേറ്റം സാധ്യമാക്കുന്നതിനും ഗാർഹികമേഖലയിലെ കുടിയേറ്റം വിപുലീകരിക്കുന്നതിനുമാണ് നോർക്ക റൂട്ട്‌സ് ഉദ്ദേശിക്കുന്നതെന്ന് സി. ഇ. ഒ പറഞ്ഞു. ജനറൽ മാനേജർ ഡി. ജഗദീശും, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഈ മാസം 29 പേർക്കാണ് നോർക്ക റൂട്ട്‌സ് വഴി സൗജന്യ നിയമനം നൽകിയത്. ഇതിൽ നിന്ന് 14 പേർ ഉൾപ്പെടുന്ന ആദ്യ ബാച്ച് സെപ്തംബർ 18,20 തിയതികളിൽ കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങളിൽ നിന്നും യാത്ര തിരിക്കും. നോർക്ക റൂട്ട്‌സ് കുവൈറ്റിലെ അർദ്ധസർക്കാർ സ്ഥാപനമായ അൽദുറ ഫോർ മാൻപവറുമായിട്ടുള്ള ധാരണ പത്രം പ്രകാരമാണ് ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്. അടുത്ത ബാച്ചിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുകയാണ്. താത്പര്യമുള്ളവർ norkadsw@gmail.com ൽ അപേക്ഷ നൽകണം.

NO COMMENTS