വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ഒരാള്‍ യുഎസില്‍ എത്തി കുഞ്ഞിനു ജന്മം നല്‍കിയാല്‍, ആ കുഞ്ഞ് യുഎസ് പൗരത്വം നേടുകയും 85 വര്‍ഷത്തേക്ക് എല്ലാ ആനുകൂല്യങ്ങളും നേടുകയും ചെയ്യുന്ന ഏകരാഷ്ട്രം അമേരിക്കയാവും. ഇതു വിഡ്ഢിത്തമാണ്. ഇത് അവസാനിപ്പിക്കണം ട്രംപ് പറഞ്ഞു. ഒരു ഉത്തരവിലൂടെ ഇതു മറികടക്കാനാണു താന്‍ ആലോചിക്കുന്നതെന്നും പ്രശ്നം വൈറ്റ് ഹൗസ് അഭിഭാഷകര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ നിയമവിദഗ്ധര്‍ രംഗത്തെത്തി. യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്കു പൗരത്വം നല്‍കുന്നത് ഭരണഘടനാപരമായ വിഷയമാണെന്നും ഉത്തരവിറക്കണമെങ്കില്‍ ട്രംപിനു ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു. അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു പതിനാലാം ഭരണഘടനാ ഭേദഗതി യുഎസ് പൗരത്വം ഉറപ്പാക്കുന്നുണ്ട്.