ഖത്തര്‍ പ്രതിസന്ധി : ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ചര്‍ച്ച നടത്തി

217

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഖത്തര്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഭീകരവാദത്തിനുളള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതായി ട്രംപ് ആരോപിച്ചിരുന്നു. ഖത്തറിനെതിരായ നടപടി സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ചര്‍ച്ച ചെയ്തിരുന്നതായി ട്രംപ് നേരത്തേ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. സൗദി സന്ദര്‍ശനത്തില്‍ രാഷ്ട്രത്തലവന്‍മാര്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം, വിഷയത്തില്‍ കുവൈത്ത് ഇടപെട്ടതും ഖത്തര്‍ ചര്‍ച്ചകള്‍ക്കു മുന്നോട്ടുവന്നതും പ്രശ്‌ന പരിഹാരത്തിന് അധികനാള്‍ വേണ്ടിവരില്ലെന്ന സൂചനയാണു നല്‍കുന്നത്. പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

NO COMMENTS