ന്യുയോര്‍ക്ക്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. ഫെയ്സ്ബുക്ക്, ഗൂഗിള്‍ സ്ഥാപന മേധാവികളും ഐക്യരാഷ്ട്ര സഭയും അടക്കും ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നു വന്ന മുസ്ലിം വിരുദ്ധതയുടെ തുടര്‍ച്ച കൂടിയാണ് മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരുടെ വിലക്ക്. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി.
ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി. പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ജെയിംസ് മാറ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങിന് പിന്നാലെ ട്രംപ് ഇത് സംബന്ധിച്ച ബില്ലിലും ഒപ്പുവെച്ചിരുന്നു. പിന്നാലെ അമേരിക്കയിലേക്കുളള ആറുയാത്രക്കാരെ കൈറോ വിമാനത്താവളത്തില്‍ ഇന്നലെ തടഞ്ഞിരുന്നു. ഇതില്‍ അഞ്ചുപേര്‍ ഇറാഖില്‍ നിന്നുളളവരും ഒരാള്‍ യമന്‍ പൗരനുമായിരുന്നു. ഈജിപ്ത് എയര്‍ വിമാനത്തില്‍ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പോകാനിരുന്നവരായിരുന്നു ഇവര്‍.അമേരിക്കയുടെ അഭയാര്‍ഥി പദ്ധതി പ്രകാരമാണോ ഇവര്‍ക്ക് വിസ അനുവദിച്ചതെന്ന് അറിയില്ലെന്നും യു.എസ് അഭയാര്‍ഥി ഏജന്‍സി വക്താവ് പ്രതികരിച്ചിരുന്നു.
തങ്ങളെ വിലക്കിയ നടപടിക്കെതിരെ ഇറാഖി അഭയാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഇവരുടെ അഭിഭാഷകനാണ് അമേരിക്കന്‍ നടപടിക്കെതിരെ യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയതും. പലവിമാനത്താവളങ്ങളിലും നിരവധി യാത്രക്കാരെ തടഞ്ഞതായും ഇതിനെതിരെ പ്രതിഷേധം നടക്കുന്നുവെന്നുമാണ് വിവരങ്ങള്‍. അമേരിക്കയിലെ ട്രംപ് സര്‍ക്കാരിന്റെ പുതിയ നടപടി നല്ല കഴിവുളളവര്‍ അമേരിക്കയിലേക്ക് എത്തുന്നതിന് തടസമാകുമെന്ന് ഗൂഗിള്‍ സിഇഒ സിന്ദര്‍ പിച്ചെ പറഞ്ഞു. ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന രാജ്യങ്ങളിലെ ഗൂഗിളിന്റെ ജീവനക്കാരോട് അമേരിക്കയിലേക്ക് മടങ്ങിയെത്താനും ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോകമെങ്ങും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ട്രംപിന്റെ നടപടികള്‍ക്ക് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്.