കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ അമാന്തം അരുത് ; മുഖ്യമന്ത്രി പിണറായി വിജയൻ

16

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമ സഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികർ ക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ട വരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയവും പ്രളയസമാനമായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും തുടർച്ച യായി സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവയൊന്നും ഒറ്റപ്പെട്ടതല്ല. കാലാവസ്ഥാവ്യാതിയാനത്തിന്റെ ആഘാതങ്ങളാണ്.

വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നാളിതുവരെ നാം കൈവരിച്ച നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഇനിയും നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ നമുക്ക് വിലങ്ങ് തടിയാവുന്ന സാഹചര്യം ഉണ്ടാകരുത്. എത്രനേരത്തേ പൂർണതോതിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നോ അത്രയും നല്ലതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ സംബ ന്ധിയായ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തന ങ്ങൾക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികൾ രൂപീകരിച്ച് പ്രകൃതിസംരക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമാജികർക്കായി യൂണിസെഫുമായി ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഫലപ്രദ മായ ചർച്ചകൾ നടക്കുകയും ക്രിയാത്മ നിർദേശങ്ങൾ ഉയർന്നുവരുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രശ്നങ്ങൾ സംബന്ധിച്ച 24 ചോദ്യങ്ങൾ ഈ മൂന്ന് വർഷത്തെ നിയമസഭ സമ്മേളനത്തിൽ ഉയർന്നതായും കേരള നിയമസഭ കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംബന്ധിച്ച സമിതി അധ്യക്ഷൻ ഇ. കെ. വിജയൻ എം. എൽ. എ., തമിഴ്‌നാടിനും കേരളത്തിനും വേണ്ടിയുള്ള യൂനിസെഫ് ഓഫീസ് സോഷ്യൽ പോളിസി ചീഫ് കെ. എൽ. റാവു എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY