ഇടുക്കി :കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെയും വയോധികൻറെയും മൃതദേഹങ്ങൾ ഇന്ന് പുറത്തെ ടുക്കും .വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിൻ്റെ തറ പൊളിച്ചും കുഞ്ഞിൻ്റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന വീടിന്റെ തൊഴുത്തിലും ഇന്ന് (ഞായറാഴ്ച )പരിശോധനയുണ്ടാകും. വിഷ്ണുവിന്റെ(29) അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് കിട്ടിയ വിവരം.
കുഞ്ഞിനെ നിതീഷ് തൂവാലകൊണ്ട് ശ്വാസംമുട്ടിച്ചെന്നും വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നു മാണ് മൊഴി. ആഭിചാരക്കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നാലുദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞ് കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
മാസങ്ങൾക്കു മുൻപ് വിഷ്‌ണുവിൻ്റെ അച്ഛനെ കൊന്ന് വാടകവീടിന്റെ തറകുഴിച്ച് മൃതദേഹം മൂടി കോൺക്രീറ്റ് ചെയ്‌തതായും പോലീസ് സംശയിക്കുന്നു. അവിടെയും പരിശോധന നടത്തും. അതേ സമയം മറ്റൊരു വീട്ടിലെ തൊഴുത്തിൽ കുഞ്ഞിൻ്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതികളുടെ മൊഴി. അവിടേയും പോലീസ് പരിശോധന നടത്തും. എന്നാൽ 2016-ൽ നടന്ന സംഭവമായതിനാൽ മൃതദേഹത്തിൻ്റെ അവശിഷ്‌ടങ്ങൾ ലഭിക്കുമോയെന്ന സംശയവും പോലീസിനുണ്ട്.
ദുർമന്ത്രവാദത്തിന് നേത്യത്വം നൽകിയെന്ന് കരുതുന്ന നിതീഷിനെ ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റംസമ്മതിച്ചത്. നവജാത ശിശുവിനേയും പ്രായമായ ഒരാളേയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്) കുറ്റസമ്മതം നടത്തിയതോടെയാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുന്നത്. കൊല്ലപ്പെട്ട വിജയൻ്റെ മകൻ വിഷ്ണു, അമ്മ സുമ എന്നിവരേയും പ്രതി ചേർത്തിട്ടുണ്ട്.