ഡോ.കെ.എൻ. പണിക്കരുടേത് ശാസ്ത്രീയവും യുക്തിഭദ്രവുമായ ചരിത്രരചന: മന്ത്രി എ.കെ.ബാലൻ

155

തിരുവനന്തപുരം : ചരിത്രം ഏറെ വളച്ചൊടിക്കപ്പെടുകയും ജനവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചരിത്രരചനാരീതി അവതരിപ്പിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് ഡോ.കെ.എൻ.പണിക്കരെന്ന് സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം പ്രമുഖചരിത്രകാരനായ ഡോ.കെ.എൻ.പണിക്കർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് പണ്ഡിതൻ മാത്രമല്ല, ജനപക്ഷത്തുനിന്ന് പോരാടുന്ന സ്വതന്ത്രചിന്തകനുമാണ് ഡോ.പണിക്കരെന്ന് മന്ത്രി പറഞ്ഞു. ചരിത്രപഠനവും ഗവേഷണവുമെല്ലാം സമൂഹത്തിലുള്ള ഇടപെടലാക്കി മാറ്റിയ അധ്യാപകനാണ് ഡോ.പണിക്കർ.

ജനാധിപത്യത്തിനും സഹിഷ്ണുതയ്ക്കും മുറിവേറ്റപ്പോഴെല്ലാം മടിച്ചുനിൽക്കാതെ അദ്ദേഹം പ്രതികരിച്ചുവെന്നും ഇത്തരമൊരു കാലത്ത് ഡോ.പണിക്കരുടെ ധൈഷണികജീവിതം നമുക്ക് വഴികാട്ടുമെന്നും മന്ത്രി പറഞ്ഞു. ഡോ. പണിക്കരുടെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്‌റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. ഡോ.ബി.ഇക്ബാൽ, ഡോ.ജി.ബാലമോഹൻ തമ്പി, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, നിർവാഹക സമിതിയംഗം പ്രൊഫ.വി.എൻ.മുരളി, ജോണി തോമസ്, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS