പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികളുമായി വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖം പരിപാടി ശ്രദ്ധേയമായി. സ്ത്രീ സുരക്ഷ, സാമൂഹിക കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ വനിതാ കമ്മിഷന്‍ അംഗത്തോട് ചോദിച്ചു. ഇന്ത്യന്‍ ഭരണഘടനയും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മുഖാമുഖം.
അനീതികള്‍ക്കെതിരേ പ്രതികരിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ ആത്മവിശ്വാസമുണ്ടാകണമെന്ന് മുഖാമുഖം ഉദ്ഘാടനം ചെയ്ത വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. സ്ത്രീകളുടെ വ്യക്തിത്വ വികസനം ആവശ്യമാണ്. വ്യക്തി വികാസമുണ്ടായാല്‍ കഴിവുകള്‍ മികച്ചതാകും. നിയമപരമായി സ്ത്രീകള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളും പരിരക്ഷയും വനിതാ കമ്മീഷന്‍ ഉത്തരവുകളിലൂടെ ഉറപ്പാക്കും. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാറുകള്‍ വനിതാ കമ്മീഷന്‍ നടത്തുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫീലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം മുന്‍ എഡിഎം സലിംരാജ് നടത്തി. അഡ്വ.മോന്‍സി മാത്യു. ഡോ. ഷേര്‍ളി ബേബി, ഡോ. ആര്‍. രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.