വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ഓണം വാരാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജലസേചനം, വനം, മത്സ്യബന്ധന വകുപ്പുകളും കള്ളിക്കാട് ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
കള്ളിക്കാട് മുതല്‍ നെയ്യാര്‍ഡാം വരെയുള്ള വൈദ്യുത ദീപാലങ്കാരം വിനോദ സഞ്ചാരികള്‍ക്കു ദൃശ്യ വിസ്മയമൊരുക്കും. നെയ്യാര്‍ഡാമിലെ പ്രധാന വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ കലാ- സാഹിത്യ മത്സരങ്ങള്‍, ഫ്‌ളോട്ടുകള്‍ തുടങ്ങിയവ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.
ജലസേചന വകുപ്പാണ് അണക്കെട്ടും പൂന്തോട്ടവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദീപാലങ്കാരം നടത്തിയിട്ടുള്ളത്. ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്ക് വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. 22 പേര്‍ക്കിരിക്കാവുന്ന പുതിയ ബോട്ടും ആഘോഷത്തിന്റെ ഭാഗമായി എത്തി.മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം നാളെ (സെപ്തംബര്‍ 9) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
സെപ്തംബര്‍ 11ന് വൈകുന്നേരം 4 മണിക്ക് കള്ളിക്കാട് നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ മത്സരാധിഷ്ഠിതമായി പങ്കു ചേരും. ചിട്ടയായ പങ്കാളിത്തം ഘോഷയാത്ര കൂടുതല്‍ ആകര്‍ഷണീയമാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ ഘോഷയാത്ര നടത്തുന്നതെന്ന് കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ പറഞ്ഞു.