മദ്യപാനം ഇനി ഹെൽമറ്റ് നിരീക്ഷണത്തിൽ – അപകടങ്ങളെ ചെറുക്കാൻ പരീക്ഷണവുമായി വിദ്യാർത്ഥികൾ

145

പത്തനംതിട്ട : മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുളള അപകടങ്ങൾ തടയാൻ ഇ-ഹെൽമെറ്റ് പരീക്ഷണവുമായി ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ. പത്തനംതിട്ട ജില്ലയിലെ ടികെഎംആർഎം വിഎച്ച്എസ്സ്എസ് വല്ലനയിലെ എസ് ഗായോസ് ആനന്ദും സി എസ് സജുവുമാണ് പുതിയ ഈ-ഹെൽമെറ്റ് അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റിയത്.

ആൽക്കഹോൾ സെൻസറിംഗ് ആൻഡ്രോയിഡ് ഹെൽമെറ്റ് എന്ന പരീക്ഷണമാണ് ഇവർ അവതരിപ്പിച്ചത്. പെരുമ്പിലാവ് ടിഎംവി സ്‌കൂളിൽ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവം എച്ച്എസ്സ്എസ്സ് വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് ഇത് അവതരിപ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിൽ നിന്നും ആളുകളെ തടയുകയാണ് ആൻഡ്‌റോയിഡ് ഇ-ഹെൽമറ്റിലൂടെ ലക്ഷ്യമിടുന്നത്.

ഇ-ഹെൽമറ്റും മോട്ടോർ ബൈക്കുമായി വയർലസ് ആർ സി കണക്ഷൻ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഹെൽമെറ്റ് ധരിക്കാതെ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കുകയില്ല. ഇ-ഹെൽമെറ്റിലെ മദർ ബോർഡിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുന്ന സെൻസർ ഘടിപ്പിച്ചിരിക്കുന്നതിനാൽ മദ്യപിച്ചു കൊണ്ട് വാഹനം ഓടിക്കുവാനും സാധിക്കുകയില്ല.

കൂടാതെ വാഹനം ഓടിക്കുമ്പോൾ പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ മൈക്രോ എച്ച്.ഡി.ക്യാമറയും, ഹെൽമെറ്റ് ചാർജ് ചെയ്യുന്നതിനായി സോളാർ ചാർജിംഗ് സംവിധാനവും 10500 എം.എ.എച്ച്. ലിഥിയം അയേൺ ബാറ്ററിയും, അത്യാവശ്യ ആശയ വിനിമയത്തിനായി ബ്ലൂ-ടൂത്ത് എമർജൻസി കോളിംഗ് സിസ്റ്റവും, ഇന്റികേറ്റർ ഇടുന്നതിനായി ഹെൽമെറ്റിനുള്ളിൽ എൽ.ഇ.ഡി. ഇന്റികേറ്റർലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് അർട്യൂനോ യു.എൻ.ഒ. എന്ന മൈക്രോ കൺട്രോളർ വഴി ആണ്.

NO COMMENTS