റിയാദ്: സൗദി അറേബ്യയിലെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറിനും 6.30-നും ഇടയിലാണ് കിഴക്കു-പടിഞ്ഞാറൻ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണമുണ്ടായത്. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സൗദി ഊർജ്ജവകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
സൗദിയിലെ കിഴക്കൻ മേഖലയിൽനിന്ന് യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ എട്ട്, ഒമ്പത് നമ്പർ പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണമുണ്ടായത്. തുടർന്ന് ചെറിയ രീതിയിൽ തീപ്പിടുത്തമുണ്ടാവുകയും പമ്പിങ് സ്റ്റേഷന് തകരാറുകൾ സംഭവിക്കുകയും ചെയ്തു. ഉടൻതന്നെ സൗദി അരാംകോ അധികൃതർ പൈപ്പ്ലൈൻ വഴിയുള്ള എണ്ണനീക്കം നിർത്തിവെച്ചു. പമ്പിങ് സ്റ്റേഷനിലെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ആക്രമണം തീവ്രവാദ ആക്രമണമാണെന്ന് സൗദി ഊർജ്ജ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ മാത്രം ലക്ഷ്യംവെച്ചുള്ള തീവ്രവാദ നീക്കമല്ലെന്നും മറിച്ച് അറേബ്യൻ ഗൾഫ് മേഖലയെയും ലോകത്തെ എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ പിന്തുണയോടെ യമൻ ഭീകരവാദികളായ ഹൂതികൾ നടത്തുന്ന ഇത്തരം വില കുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി.