കണ്ണൂര്‍: 18 വയസില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ഒരു പഠനത്തിനു വിധേയരായ 70 ശതമാനത്തോളം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും പതിനഞ്ചാം വയസില്‍ത്തന്നെ പുകയില ഉപയോഗം തുടങ്ങുന്നതായി കണ്ടെത്തി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചിട്ടുള്ളവരില്‍ കാല്‍ ഭാഗവും സ്‌കൂള്‍ പരിസരത്താണ് ഇവ ഉപയോഗിച്ചത്. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനവും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നു പഠനത്തില്‍ തെളിഞ്ഞു. പുകവലി മാത്രം ശീലമാക്കിയവരുടെ എണ്ണം വളരെ ഉയര്‍ന്ന് 18.15 ശതമാനത്തിലെത്തിയെന്നും പഠനം പറയുന്നു.
ജില്ലയിലെ നിഷ്പക്ഷമായി തിരഞ്ഞെടുത്ത രണ്ടു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 775 കുട്ടികളില്‍ നടത്തിയ പഠനം ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്റിഫിക് സ്റ്റഡി’ ആണ് പ്രസിദ്ധീകരിച്ചത്. ‘കണ്ണൂരിലെ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം-ഒരു സമഗ്ര പഠനം’ എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ 336 ആണ്‍കുട്ടികളും 439 പെണ്‍കുട്ടികളും പങ്കാളികളായി. പഠനത്തില്‍ പങ്കെടുത്ത 41 ശതമാനം കുട്ടികള്‍ക്കും സമീപത്തെ കടകളില്‍നിന്നാണു പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിച്ചത്. 27 ശതമാനത്തിന് കൂട്ടുകാരില്‍നിന്നുമാണ് കിട്ടിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ കിട്ടാന്‍ എളുപ്പമാണെന്ന് 79 ശതമാനം കുട്ടികളും പറഞ്ഞു.
പക്ഷേ 87 ശതമാനം കുട്ടികളും പുകയില ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നുവെന്ന അഭിപ്രായക്കാരല്ലായിരുന്നു. അതേസമയം 68 ശതമാനം പേര്‍ക്കും പുകയില കാന്‍സറിനു കാരണമാകുന്നതാണെന്ന് അറിയാം. കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സുശ്രുത് എ നീലോപന്ത്, റേഡിയോ ഡയഗ്നോസിസ് ഡിപാര്‍ട്‌മെന്റിലെ ഡോ. ഡി.ശില്‍പ്പ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
ഹയര്‍സെക്കന്‍ഡറി കുട്ടികളിലെ പുകയില ഉപയോഗത്തെപ്പറ്റി അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തിയതെന്നും ലോകാരോഗ്യസംഘടനയുടെ മാതൃകയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലിയാണ് ഉപയോഗിച്ചതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. സുശ്രുത് പറഞ്ഞു. കുട്ടികള്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് അവലംബിച്ചത്. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് പഠനത്തില്‍ പങ്കാളികളായത്. പങ്കെടുത്തവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. പുകയില ഉപയോഗത്തെക്കുറിച്ചു മാത്രമല്ല കുടുംബാംഗങ്ങളുടെ ശീലങ്ങള്‍, സുഹൃത്തുക്കളുടെ സ്വാധീനം, ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമങ്ങളിലുള്ള അറിവ് എന്നിവയെപ്പറ്റിയും കുട്ടികളോട് അന്വേഷിച്ചതായി ഡോ. സുശ്രുത് പറഞ്ഞു.
പുകയിലെ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചു രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളെപ്പറ്റി അറിവു പകരുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. 92 ശതമാനം കുട്ടികളും നിയമത്തെപ്പറ്റി അറിവുണ്ടെന്നു പറഞ്ഞു. ഇതില്‍ 35 ശതമാനത്തിനും അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങളില്‍നിന്നാണ് ഇതേപ്പറ്റി അറിവു ലഭിച്ചത്. ഇന്ത്യയില്‍ പൊതുവെ കാണുന്ന പ്രവണതയില്‍നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ പുകയില ചവയ്ക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
സ്‌കൂള്‍ ക്യാംപസിനു പുറത്തെ വലിയ തോതിലുള്ള സിഗരറ്റ് ഉപയോഗം ഗൗരവമായി കാണേണ്ട വസ്തുതയാണെന്ന് പഠനറിപ്പോര്‍ട്ടിന്റെ സഹരചയിതാവായ ഡോ. ശില്‍പ്പ പറഞ്ഞു. നിലവിലുള്ള പുകയില ഉപയോഗം അവസാനിപ്പിക്കാനും ഉപയോഗത്തിന് തുടക്കമിടുന്നതു തടയാനുമായി പദ്ധതികളും ഇടപെടലുകളും അത്യാവശ്യമാണെന്നു വ്യക്തമായിരിക്കുകയാണെന്നും ഡോ. ശില്‍പ ചൂണ്ടിക്കാട്ടി. പുകയില രഹിത സ്‌കൂള്‍നയങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കാളികളാകുന്ന സാമൂഹിക പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന സമഗ്ര സ്‌കൂള്‍ കേന്ദ്രീകൃത പുകയില നിയന്ത്രണ നയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും പഠനം നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര പുകയില നിയന്ത്രണ നിയമം കോട്പ 2003 പ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കുന്നത് കുറ്റകരമാണ്. 18 വയസ്സിനു താഴെയാണോ എന്നു വ്യക്തമാക്കേണ്ടത് വില്പനക്കാരന്റെ ബാധ്യതയാണെന്നും നിയമം പറയുന്നു.