തിരുവനന്തപുരം: പുകയില നിയന്ത്രണ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ അംഗന്‍വാടി അധ്യാപികമാരെ അണിനിരത്താനുള്ള സംരംഭങ്ങള്‍ക്കു തുടക്കമായി. അതിന് അവരെ ഉള്‍പ്പെടുത്തിയുള്ള നിര്‍ദ്ദിഷ്ട വാര്‍ഷിക കര്‍മ്മപദ്ധതിക്ക് സാമൂഹ്യ നീതി വകുപ്പുമായിചേര്‍ന്ന് റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ രൂപം നല്‍കി. പ്രതിമാസ യോഗങ്ങള്‍, ത്രൈമാസ അവലോകനം, പ്രവര്‍ത്തനപുരോഗതി രേഖപ്പെടുത്തുന്നതിനായി ഡയറി സൂക്ഷിക്കല്‍ എന്നിവ വാര്‍ഷിക കര്‍മപദ്ധതിയുടെ ഭാഗമാകും. യുവതലമുറയെ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാകാന്‍ അവര്‍ക്ക് പരിശീലനം നല്‍കി. ലോക കാന്‍സര്‍ ദിനത്തില്‍ അംഗന്‍വാടി അധ്യാപികമാര്‍ക്കായി നടന്ന അവബോധ പരിശീലന ശില്‍പശാലയിലായിരുന്നു ഇത്.
അംഗന്‍വാടികളില്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ പങ്കു വഹിക്കുകയും തദ്ദേശ വികസന പരിപാടികളുടെ നിര്‍വഹണച്ചുമതലകള്‍ വഹിക്കുകയും ചെയ്യുന്ന അംഗന്‍വാടി അധ്യാപികമാര്‍ക്ക് പുകയില ഉപയോഗത്തിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും സാമ്പത്തിക നഷ്ടങ്ങളെയും കുറിച്ച് വിദഗ്ധര്‍ വിശദീകരിച്ചു. എനിക്കു കഴിയും, നമുക്ക് കഴിയും, നമുക്കൊരുമിച്ചു കഴിയും എന്ന പ്രമേയത്തില്‍ റീജിയനല്‍ കാന്‍സര്‍ സെന്റര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ്, സാമൂഹികനീതി വകുപ്പ്, റീജിയനല്‍ കാന്‍സര്‍ സെന്ററിനു കീഴിലുള്ള റീജിയനല്‍ കാന്‍സര്‍ അസോസിയേഷന്‍(ആര്‍സിഎ), പുകയില നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന ടുബാക്കോ ഫ്രീ കേരള എന്നിവ ചേര്‍ന്നാണ് കാന്‍സര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. അടിസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കാന്‍സര്‍ പ്രതിരോധിക്കാനുള്ള ഒരുവര്‍ഷം നീളുന്ന സംരംഭത്തിന്റെ തുടക്കമാണ് അംഗന്‍വാടി അധ്യാപികമാര്‍ക്കുള്ള പരിശീലന പരിപാടിയെന്ന് ആര്‍സിഎ സെക്രട്ടറി ഡോ. ബാബു മാത്യു പറഞ്ഞു. പ്രാരംഭത്തിലുള്ള രോഗനിര്‍ണയത്തിനൊപ്പം പുകയില നിയന്ത്രണവും സംസ്ഥാനത്തെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍സിസിയിലെ ഡോ. രമണി വെസ്‌ലി, ഡോ. ചന്ദ്രമോഹന്‍ കെ, ഡോ. ജിജി തോമസ്, ഡോ. ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ശ്രീ വഞ്ചിയൂര്‍ വി മോഹനന്‍ നായരും പങ്കെടുത്തു.
പുകയില ഉപയോഗം മറ്റു ലഹരിമരുന്നുകളിലേക്കു കൂടി വാതില്‍ തുറക്കുന്നതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ശ്രീമതി. അനുപമ ടി.വി പറഞ്ഞു. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍, അവര്‍ പുകയില ഉപയോഗത്തിലേക്കു തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ കൂടിയുണ്ടാകണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഘുലേഖകളും സിഡികളും അധ്യാപികമാര്‍ക്ക് കൈമാറി. പരിശീലനത്തിനു മുന്‍പും ശേഷവും ചോദ്യാവലികളും നല്‍കി. പരിശീലനത്തിനു ശേഷമുള്ള പ്രതികരണങ്ങളില്‍നിന്ന് കാന്‍സര്‍ നിയന്ത്രണത്തെപ്പറ്റിയുള്ള കൂടുതല്‍ അറിവ് പരിപാടിയിലൂടെ പഠിതാക്കള്‍ക്കു ലഭിച്ചതായും വ്യക്തമായി. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അറുനൂറില്‍പ്പരം അംഗന്‍വാടി അദ്ധ്യാപികമാര്‍ പങ്കെടുത്തു.