പാലക്കാട് • പൊളളാച്ചിയില്‍ നിന്ന് ഒറ്റപ്പാലം മേഖലയിലെ കടകളിലും വിദ്യാലയങ്ങളിലും വില്‍പനയ്ക്കെത്തിച്ച 40 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കടമ്ബഴിപ്പുറത്തുവച്ച് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വാനിലാണ് പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചിരുന്നത്.
വാന്‍ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി കെ.പി.കണ്ണനെ (29) അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു വില്‍പന നടത്താനാണ് ഇവ എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. പൊള്ളാച്ചിയില്‍ അഞ്ചുരൂപ വിലയുളള പായ്ക്കറ്റ് ഇവിടെ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്.
40 ചാക്കുകളിലായി 60,000 പായ്ക്കറ്റുകളുണ്ടെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും ലക്ഷത്തോളം എണ്ണം ഉണ്ടാകുമെന്നാണ് എക്സൈസ് അധികൃതരുടെ നിഗമനം. പട്ടാമ്ബി, ചെര്‍പ്പുളശേരി, ശ്രീകൃഷ്ണപുരം, തൃത്താല, കുറ്റനാട്, കൊപ്പം ഭാഗങ്ങളില്‍ നാലുമാസത്തോളമായി ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.