കയ്പമംഗലത്ത് വിദ്യാര്‍ത്ഥി മരിച്ചത് ലഹരി കൂട്ടാനായി മദ്യത്തില്‍ മാനസിക രോഗത്തിനുള്ള ഗുളിക ചേര്‍ത്ത് കഴിച്ചതുകൊണ്ടെന്ന് പ്രാഥമിക നിഗമനം

276

തൃശൂര്‍ കയ്പമംഗലത്ത് കൂട്ടുകാരോടൊപ്പം മദ്യപിച്ച വിദ്യാര്‍ത്ഥി മരിച്ചത് ലഹരി കൂട്ടാനായി മദ്യത്തില്‍ മാനസിക രോഗത്തിനുള്ള ഗുളിക ചേര്‍ത്ത് കഴിച്ചതുകൊണ്ടെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് ഒരുമിച്ചിരുന്ന് മദ്യപിച്ച നാല് വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയും ഒരാള്‍ മരിക്കുകയും ചെയ്തത്.തൃശൂര്‍ കയ്പമംഗലം പൂതക്കോട്ട് വേലുവിന്റെ മകന്‍ ബിപിന്‍ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കളും അയല്‍വാസികളുമായ അക്ഷയ്, ഹരിലാല്‍, അക്ഷയ് അനില്‍ എന്നിവരോടൊപ്പം വീടിന് സമീപത്തെ പറമ്പിലിരുന്ന് ബിപിന്‍ദാസ് മദ്യപിച്ചിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ ശേഷം തളര്‍ന്നുവീണ ബിപിന്‍ദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം തന്നെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവര്‍ ഇപ്പോഴും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മദ്യപിച്ച സ്ഥലം പരിശോധിച്ചതോടെ മാനസിക രോഗത്തിന് നല്‍കുന്ന ഗുളികയുടെ പൊട്ടിച്ച കവറുകള്‍ കണ്ടെത്തി. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ മദ്യത്തില്‍ ഈ ഗുളിക ചേര്‍ത്താണ് കഴിച്ചതെന്ന് മൊഴി നല്‍കി. ഗുളികയും മദ്യവും ചേര്‍ന്നുണ്ടായ വിഷബാധയാവാം മരണകാരണമെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യം വ്യക്തമാവുകയുള്ളു.വലപ്പാടുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് ഇവര്‍ക്ക് ഗുളിക നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു.

NO COMMENTS

LEAVE A REPLY