കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കലിന് മുന്നോടിയായി മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് മുഹന്നദ് അല്‍ സായര്‍ എം.പി ആവശ്യപ്പെട്ടു. കുവൈത്ത് പൗരന്മാരുടെ വിവാഹത്തിന് മുമ്പും ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പും നിര്‍ബന്ധമായും മയക്കുമരുന്ന് പരിശോധന നടത്തണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെച്ചു.
ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവക്കാണ് എം.പി നിര്‍ദേശം സമര്‍പ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ സമൂഹത്തിന് ഭീഷണിയാണെന്നും കൂട്ടായ ശ്രമങ്ങള്‍ ഇല്ലാതെയും കര്‍ശന നടപടികള്‍ സ്വീകരിക്കാതെയും മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.