ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു

271

ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു. വ്യാപരത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡിട്ടു കൊണ്ടാണ് 34 ദിവസം നീണ്ട മേള സമാപിച്ചത്. ഡിസംബര്‍ 26 നാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഷോപ്പിംഗിനും വിനോദത്തിനും ഒരുപോലെ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഈ മേള 34 ദിവസം നീണ്ടു നിന്നു. വിവിധ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് വൈവിധ്യമേറിയ പരിപാടികളാണ് സംഘടിപ്പിച്ചത്. നിരവധി സമ്മാന പദ്ധതികളും ഇക്കാലയളവില്‍ ഉണ്ടായിരുന്നു. കാറുകളും സ്വര്‍ണ്ണവും പണവുമെല്ലാം സമ്മാനം ലഭിക്കുന്ന ആഘോഷമായിരുന്നു ഇത്. കാര്‍പ്പറ്റ് ഓയസീസ്, വസ്‌ത്രവ്യാപാര മേള, സ്വര്‍ണ്ണം, -വജ്ര വിപണനോത്സവം, ബ്യൂട്ടി ഡിസ്ട്രിക്റ്റ്, സ്ട്രീറ്റ് റണ്‍വേയ്സ്, റോമിംഗ് ആര്‍ട്ടിസ്റ്റ്സ് തുടങ്ങിയ വൈവിധ്യമേറിയ പരിപാടികളാണ് ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിനെ വേറിട്ടതാക്കിയത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ കാലയളവില്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കരിമരുന്ന് പ്രകടനവും സംഘടിപ്പിച്ചിരുന്നു. ദ ബീച്ച്, ഗ്ലോബല്‍ വില്ലേജ് തുടങ്ങി വിവിധ സ്ഥലങ്ങളിലായിരുന്നു ഇത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രം ഗ്ലോബല്‍ വില്ലേജ് തന്നെയായിരുന്നു. ഡി.എസ്.എഫ് അവസാനിച്ചെങ്കിലും വിവിധ രാജ്യങ്ങളുടെ പവിലിയനുകളുമായി നില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20 ലക്ഷത്തില്‍ അധികം പേര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണില്‍ ദുബായില്‍ എത്തിയെന്നാണ് കണക്ക്.

NO COMMENTS

LEAVE A REPLY