അനധികൃതമായി ഡ്രോണ്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. ഡ്രോണ്‍ മൂലം വിമാന സര്‍വീസുകള്‍ തടസപ്പെടുന്നത് പതിവായ സാഹചര്യത്തിലാണിത്. ദുബായ് വിമാനത്താവള പരിസരത്ത് കഴിഞ്ഞ ശനിയാഴ്ച അനധികൃത ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടിരുന്നു. ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഡ്രോണുകള്‍ മൂലം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അനധികൃത ഡ്രോണ്‍ പറത്തല്‍ ആവര്‍ത്തിക്കുന്നതിനാല്‍ കനത്ത ശിക്ഷ നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി വ്യോമപാതയില്‍ ഡ്രോണ്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചു. ദുബായ് പൊലീസിന്‍റെ പ്രത്യേക വിഭാഗം ഇതിനായി വിമാനത്താവള പരിസരങ്ങളില്‍ റോന്ത് ചുറ്റും. ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കുക, ലേസര്‍ രശ്‍മി ഉപയോഗിച്ച് ഇവയെ തകര്‍ക്കുക തുടങ്ങിയവയാണ് ഈ സംഘം ചെയ്യുക. അടിയന്തര സാഹചര്യത്തില്‍ ഡ്രോണുകള്‍ വെടിവെച്ചിടാനും പട്രോളിംഗ് സംഘത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഷാര്‍ജ വിമാനത്താവളത്തിലും അനധികൃത ഡ്രോണ്‍ മൂലം കഴിഞ്ഞ ശനിയാഴ്ച പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഒരു മണിക്കൂറോളമാണ് വിമാനത്താവളം അടച്ചിടേണ്ടി വന്നത്. എട്ട് വിമാനങ്ങള്‍ വഴി തിരിച്ച് വിടേണ്ടിയും വന്നു. അതുകൊണ്ട് തന്നെ വിമാനത്താവള പരിസരത്ത് അനധികൃത ഡ്രോണുകള്‍ക്കായി പരിശോധന നടത്താന്‍ ഷാര്‍ജ പോലീസും തീരുമാനിച്ചിട്ടുണ്ട്. പിഴ ശിക്ഷ നല്‍കുമെന്ന് പൊലീസ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടും അനധികൃത ഡ്രോണ്‍ പറത്തല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് അധികൃതര്‍ ഇപ്പോള്‍ കര്‍ശന നിയമവുമായി രംഗത്ത് എത്തിയിരിക്കുന്നത്.