ദുബായില്‍ കാണാതായ മലയാളി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

260

ദുബായ് • ദുബായില്‍ കാണാതായ മലയാളി യുവാവ് മരിച്ച നിലയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ഖൂസിലെ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്തു കണ്ടെത്തിയത്. മൃതദേഹം പൊലീസ് മോര്‍ച്ചറിയിലുള്ളതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.ഇൗ മാസം മൂന്നിനു സന്ദര്‍ശക വീസയിലെത്തിയ സന്തോഷ് അല്‍ ഖൂസ് മാളിനടുത്തെ കാറ്ററിങ് കമ്ബനിയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇൗ മാസം ആറിനാണ് കാണാതായത്. തലേന്നു രാത്രിഷിഫ്റ്റിലായിരുന്നു ജോലി. ആറിനു രാവിലെ 11ന് ജോലി കഴിഞ്ഞു കമ്ബനിവാനില്‍ താമസ സ്ഥലത്തേക്കു പോകേണ്ടതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.ട്രാന്‍സ്ഫോര്‍മറിനടുത്ത് മൃതദേഹം കണ്ടതായി ഏഴാംതീയതി ഒരു പാക്കിസ്ഥാനിയാണ് പൊലീസിനെ അറിയിച്ചത്.ബന്ധുക്കള്‍ പരാതി നല്‍കുന്നതിനു മുന്‍പായിരുന്നു ഇത്. പിന്നീട്, പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഇൗസ പറഞ്ഞു.മരണകാരണം വ്യക്തമല്ല. അനന്തരനടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. എന്നാല്‍, ബലിപെരുനാള്‍ അവധിക്കു ശേഷം അടുത്ത ശനിയാഴ്ച മാത്രമേ ദുബായില്‍ ഒാഫിസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ടു നടപടികള്‍ വൈകുമെന്നാണു കരുതുന്നത്.

NO COMMENTS

LEAVE A REPLY