ദുബായ് : പതിമൂന്നാമത് ദുബായ് രാജ്യാന്തര ചലച്ചിത്രോല്‍സവം ഇന്ന് കൊടിയേറും. എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിഖ്യാത സംവിധായകന്‍ ജോണ്‍ മാഡന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ മിസ് സ്ലോന്‍ ആണ് പതിമൂന്നാമത് ദുബായ് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ ഉദ്ഘാടന ചിത്രം. രണ്‍വീര്‍ സിങ്ങും വാണി കപൂറും മുഖ്യവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ബേഫിക്ക്റേയുടെ വേള്‍ഡ് പ്രീമിയര്‍ വ്യാഴാഴ്ച നടക്കും. ലൈഫ് ഓഫ് പൈ സംവിധായകന്‍ ആങ് ലീയുടെ ബില്ലി ലിന്‍സ് ലോങ് ഹാഫ് ടൈം വാക്ക്, ഫിലിപ്പാ ലോത്രോപ്പിന്റെ സ്വാലോസ് ആന്‍ഡ് ആമസോണ്‍സ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. സ്റ്റാര്‍വാര്‍സ് പരമ്ബരയിലെ പുതിയ ചിത്രം റോഗ് വണ്‍ ആയിരിക്കും മേളയിലെ സമാപന ചിത്രം. ഹോളിവുഡ് താരം സാമുവല്‍ എല്‍ ജാക്സണ്‍, ബോളിവുഡ് താരം രേഖ, ഫ്രഞ്ച് ലബനീസ് സംഗീത സംവിധായിക ഗബ്രിയേല യാരിദ് എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. സാമുവല്‍ എല്‍ ജാക്സനുമായി സംവദിക്കാനും പ്രേക്ഷകര്‍ക്ക് അവസരം ഉണ്ട്. 44 ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ മാറ്റുരയ്ക്കുന്ന ദുബായ് രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച അറബ് സിനിമയ്ക്ക് നല്‍കുന്ന മുഹ്ര് പുരസ്കാരമാണ് ഏറ്റവും ശ്രദ്ധേയം. ഇത്തവണ മൂന്നു ചിത്രങ്ങളാണ് മുഹ്ര് പുരസ്കാരത്തിനായി മല്‍സരിക്കുന്നത്.