പ്രയാഗ്‍രാജിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ തടഞ്ഞു.

183

ലക്നൗ: പ്രയാഗ്‍രാജിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു. ഒരു കാരണവും ഇല്ലാതെ തന്നെ ലക്നൗ വിമാനത്താവളത്തില്‍ തടഞ്ഞതായി അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ലക്നൗവില്‍ നിന്ന് 201 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ്‍രാജിലേക്കുള്ള പ്രത്യേക വിമാനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് അഖിലേഷിനെ തടഞ്ഞത്. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അഖിലേഷ് അലഹബാദിലേക്ക് പോകാനായി എത്തിയത്.

താന്‍ വിമാനത്തില്‍ കയറുന്നത് ഉദ്യോഗസ്ഥന്‍ തടയുന്നതിന്‍റെ ചിത്രം സഹിതമാണ് അലിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഉദ്യോഗസ്ഥനുമായി അഖിലേഷ് തര്‍ക്കിക്കുന്നതും കാണാം. അലഹബാദ് സര്‍വകലാശാല യൂണിയന്‍ പ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയിരുന്നു അഖിലേഷിന്‍റെ യാത്രാലക്ഷ്യം.

ഒരു വിദ്യാര്‍ഥി നേതാവിന്‍റെ സത്യപ്രതിജ്ഞയെ പോലും ബിജെപി സര്‍ക്കാരിന് ഭയമാണെന്നും അതാണ് തന്നെ തടയാന്‍ കാരണമെന്നും അഖിലേഷ് പറഞ്ഞു. വിഷയത്തില്‍ എസ്പി-ബിഎസ്പി സഖ്യത്തെ ബിജെപിക്ക് ഭയമാണെന്ന പ്രതികരണമാണ് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി നടത്തിയത്.

ജനാധിപത്യ വിരുദ്ധമായ രീതിയിലൂടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. അതിനാല്‍ അവര്‍ക്ക് തങ്ങളെ ഭയമാണ്. അഖിലേഷിനെ തടഞ്ഞത് അപലപനീയമാണെന്നും മായാവതി പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അലഹബാദ് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതായും ക്രമസമാധാനം പാലിക്കാനാണ് തടഞ്ഞതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

NO COMMENTS