കണ്ണൂര്‍: (www.kvartha.com 02.02.2017) അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹ്മദ് സാഹിബിന് രാജ്യം വിട നല്‍കി. ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമാ മസ്ജിദില്‍ 11 മണിക്ക് ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സാമൂഹിക രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മുതല്‍ പതിനായിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകിക്കൊണ്ടിരുന്നത് . പൊതു ദര്‍ശനത്തിന് വെച്ച കണ്ണൂര്‍ കോര്‍പറേഷന്‍ അങ്കണത്തിലും ദീനുല്‍ ഇസ്ലാം സഭാ ഗേള്‍സ് ഹൈസ്കൂളിലും നേതാവിനെ ഒരു നോക്ക് കാണാന്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേതാക്കളും വളണ്ടിയര്‍മാരും ഏറെ പണിപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്. ഖബറടക്കം നടന്ന സിറ്റി ജുമാ മസ്ജിദില്‍ വന്‍ ജനക്കൂട്ടമായിരുന്നു
കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇ അഹ്മദിനോടുള്ള ആദര സൂചകമായി കണ്ണൂരിലും മാഹിയിലും ഇന്ന് സര്‍വ്വകക്ഷി ഹര്‍ത്താലാചരിക്കുകയാണ്. നേരത്തെ പ്രണബ് മുഖര്‍ജി, നരേന്ദ്ര മോദി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,ഹാമിദ് അന്‍സാരി തുടങ്ങിയ നേതാക്കള്‍ ഇ അഹ്മദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചിരുന്നു.