ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. പുലര്‍ച്ചെ 215 നായിരുന്നു അന്ത്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്‍റില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.15ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എട്ടിക്കണ്ടി മുഹമ്മദ് എന്ന ഇ. അഹമ്മദ് 1938 ഏപ്രില്‍ 29ന് കണ്ണൂര്‍ ജില്ലയിലാണ് ജനിച്ചത്. നിലവില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ അഖിലേന്ത്യ അധ്യക്ഷനാണ്.
തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഇ. അഹമ്മദ് തിരുവനന്തപുരം ഗവണ്‍മെന്‍റ ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. 1967ലാണ് ഇ. അഹമ്മദ് ആദ്യമായി നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് 1977, 1980, 1982, 1987 വര്‍ഷങ്ങളിലും അദ്ദേഹം നിയമസഭയില്‍ എത്തി. 1982-87 കാലഘട്ടത്തില്‍ കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്നു. 1991ല്‍ ആദ്യമായി ലോക്സഭയിലേക്ക് വിജയിച്ച ഇ. അഹമ്മദ് 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും ലോക്സഭയില്‍ എത്തി. പതിനാല്, പതിനഞ്ച് ലോക്സഭകളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതയായ സുഹ്റ അഹമ്മദാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.