ഇ അഹമ്മദിന്റെ മരണം; ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

264

ദില്ലി: മുസ്ലിം ലീഗം അഖിലേന്ത്യാ പ്രസിഡന്റും ലോക് സഭാ അംഗവുമായിരുന്ന ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് നോട്ടീസ് നല്‍കിയത്. അഹമ്മദിന്റെ രോഗവിവരം മറച്ചുവെച്ചെന്നും അവസാന നിമിഷത്തില്‍ ഒരു നോക്ക് കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ലെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അഹമ്മദിന്റെ മക്കള്‍ക്കും പരാതിയുണ്ട്. പിതാവിന്റെ ചികിത്സാ വിവരം അറിയാനും അദ്ദേഹത്തെ സന്ദര്‍ശിക്കാനുമായി അവര്‍ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നു. ഇക്കാര്യങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമാണ് എം.പിമാരുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ ഇക്കാര്യം ശക്തമായി പാല്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് ദിവസവും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ ബഹിഷ്കരിച്ചിരുന്നു. അഹമ്മദിന്റെ മരണം സംബന്ധിച്ച് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയില്‍ വിശദീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിലും ആശുപത്രിയിലും നടന്ന സംഭവങ്ങളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന വിശദീകരണമായിരിക്കും സര്‍ക്കാര്‍ നല്‍കുകയെന്നാണ് കരുതുന്നത്. ഇന്നലെ ആര്‍.എം.എല്‍ ആശുപത്രി അധികൃതരും സമാനമായൊരു വിശദീകരണമാണ് നല്‍കിയത്.

NO COMMENTS

LEAVE A REPLY