കാലവര്‍ഷക്കെടുതി നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു മന്ത്രി

205

കോഴിക്കോട് : കാലവര്‍ഷക്കെടുതി നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. കേന്ദ്രം ആദ്യഘട്ടത്തില്‍ 100 കോടി അനുവദിച്ചത് അപര്യാപ്തമെങ്കിലും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു . കോഴിക്കോട് കളക്ടറേറ്റില്‍ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സാമ്ബത്തികസഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. 1220 കോടി രൂപയാണ് അടിയന്തിര സഹായമായി ആവശ്യപ്പെട്ടത്. 8316 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘം വീണ്ടും സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 228 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. കണ്ണപ്പന്‍ കുണ്ടിലും കരിഞ്ചോലലമലയിലും ഉള്‍പ്പെടെ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. ദുരന്തമേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും മറ്റും മാറേണ്ടി വന്ന കുടുംബങ്ങള്‍ക്ക് 3500 രൂപ വീതം നല്‍കും. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

NO COMMENTS