വിവാദങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും : ഇ.പി. ജയരാജന്‍

181

തിരുവനന്തപുരം • കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ളതായിരുന്നു കഴിഞ്ഞ നാലര മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ എന്ന്‍ രാജിവച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. കേരളത്തിന്‍റെ വ്യവസായ മേഖല അടക്കി ഭരിച്ച്‌ അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്കും മാഫിയകള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യാനും മാറ്റി നിയമിക്കാനുമുള്ള തീരുമാനങ്ങള്‍ അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇങ്ങനെയൊരു സാഹചര്യം നിലനിര്‍ക്കെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ വിശദീകരണം.

ഈ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും മുന്നണിയെയും കടന്നാക്രമിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെയും എന്‍റെ പാര്‍ട്ടിയുടെയും യശ്ശസിന് കളങ്കം ചാര്‍ത്താതിരിക്കാനും എന്‍റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള അവസരമായി കണക്കാക്കി ഞാന്‍ പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി രാജിക്ക് അനുമതി നല്‍കുകയും ചെയ്യുകയായിരുന്നുവെന്നും ജയരാജന്‍ പറയുന്നു. വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹകരണവും നല്‍കിയ എല്ലാവിഭാഗം ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ജയരാജന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY