തിരുവനന്തപുരം • തന്‍റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍. വേണമെങ്കില്‍ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണു പ്രവര്‍ത്തിച്ചതെന്നും നിയമസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ജയരാജന്‍ പറഞ്ഞു. മന്ത്രിപദം രാജിവച്ചാല്‍ പ്രത്യേക പ്രസ്താവന നടത്താനുള്ള ചട്ടപ്രകാരമാണു നിയമസഭയില്‍ ജയരാജന്‍ വിശദീകരണം നല്‍കിയത്. മാധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടി. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ പ്പോലും മാധ്യമങ്ങള്‍ ഇത്രയും ആഘോഷിച്ചിട്ടില്ല. താന്‍ നീതിക്കുവേണ്ടിയാണു പോരാടിയത്. അഭിമാനത്തോടെയാണു രാജിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.വ്യവസായ വകുപ്പില്‍ അഴിമതി ശക്തമായിരുന്നുവെന്നു പറഞ്ഞ ജയരാജന്‍ മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തെന്നും അറിയിച്ചു.
വ്യവസായമന്ത്രിയെന്ന നിലയില്‍ കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്‍റെ പ്രവര്‍ത്തനങ്ങള്‍. വ്യവസായ മേഖല തകര്‍ച്ച നേരിടുന്ന സമയത്താണു താന്‍ ചുമതലയേല്‍ക്കുന്നത്. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാനുള്ള സാഹചര്യമില്ലാതെ വന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍പോലും ശ്രമമുണ്ടായി. മലബാര്‍ സിമന്റ്സ് ഇതിന് ഉദാഹരണമാണ്. കിന്‍ഫ്ര അടക്കമുള്ള സ്ഥാപനങ്ങളില്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന തലതൊട്ടപ്പന്‍മാരെ സ്ഥാനത്തുനിന്നു മാറ്റി.
നടപടി വന്നപ്പോള്‍ എനിക്ക് ശത്രുക്കളുണ്ടായി. എന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ വഴങ്ങിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ചട്ടവും നിയമവും പാലിച്ചു. കെഎസ്‌ഐഇ വലിയ സ്ഥാപനമല്ല. ഒരു ചുമട്ടുതൊഴിലാളി പ്രസ്ഥാനം മാത്രമാണ്. ചുമതലയേറ്റെടുക്കാന്‍ പി.കെ.സുധീര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സാധ്യമല്ലെന്നു വ്യക്തമാക്കി. അപ്പോള്‍ത്തന്നെ നിയമനം റദ്ദാക്കി. ദീപ്തി നിഷാദിന്റെ നിയമനം ലീവ് വേക്കന്‍സിയിലാണ്. മൂന്നു മാസത്തേക്കായിരുന്നു നിയമിച്ചത്.
12 ദിവസമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. പിന്നില്‍ മാഫിയയാണ്. വ്യവസായങ്ങളെ കൊള്ളയടിക്കാന്‍ മാഫിയകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ തര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് മാധ്യമങ്ങളുള്ളതെന്നും ജയരാജന്‍ ആരോപിച്ചു.