നരേന്ദ്ര മോദി നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുന്നു : ഇ.പി.ജയരാജന്‍

195

ശ്രീകണ്ഠപുരം• പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുകയാണെന്ന് ഇ.പി.ജയരാജന്‍. ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു നടപടിയെങ്കില്‍ പകരം കറന്‍സി എത്തിക്കുമായിരുന്നു. ഇവിടെ ജനങ്ങളുടെ വാങ്ങല്‍ ശേഷി ഇല്ലാതാവുകയാണ്. ഇതോടെ ഉല്‍പാദന മേഖലയാകെ സ്തംഭിച്ചിരിക്കുന്നു. പട്ടിണിയിലേക്കും കഷ്ടപ്പാടിലേക്കും ജനങ്ങളെ നയിച്ച്‌ വന്‍കിടക്കാരുടെ കടം എഴുതിത്തള്ളി. ഇന്ത്യ തിരിച്ചു പോക്കിലാണ്. ആര്‍എസ്‌എസ് മതപരവും ജാതീയവുമായ ധ്രുവീകരണമുണ്ടാക്കി. ഏതു സംസ്ഥാനത്താണ് ഇന്നു സമാധാനമുള്ളത്. ഈ ധ്രുവീകരണം ശക്തിപ്പെട്ടാല്‍ ഇന്ത്യയുണ്ടാവില്ല. തെറ്റിദ്ധരിക്കപ്പെട്ട ഒട്ടേറെ മനുഷ്യര്‍ ബിജെപിയോടൊപ്പമുണ്ട്. ജനങ്ങള്‍ക്കു വേണ്ടി ഒരു ജനക്ഷേമ പ്രവര്‍ത്തനവും ബിജെപിയോ ആര്‍എസ്‌എസോ ഇന്നു വരെ നടത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. മലപ്പട്ടത്ത് എ.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പട്ടം സെന്ററില്‍ നിര്‍മ്മിച്ച എ.കുഞ്ഞിക്കണ്ണന്‍ സ്മൃതിമണ്ഡപം രൂപകല്‍പ്പന ചെയ്ത രാജേഷ് പാപ്പിനിശേരിക്കു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പജന്‍ അധ്യക്ഷനായ ചടങ്ങില്‍ ടി.കെ.ഗോവിന്ദന്‍, പി.വി.ഗോപിനാഥ്, കെ.വി.സുമേഷ് എന്നിവര്‍ സംസാരിച്ചു. ഇ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

NO COMMENTS

LEAVE A REPLY