കണ്ണൂര്‍: നിയമന വിവാദത്തെ തുടര്‍ന്ന് കേരള ക്ലേയ്സ് ആന്‍റ് സെറാമിക്സ് ജനറല്‍ മാനേജര്‍ ദീപ്തി നിഷാദ് രാജിവച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ സഹോദര പുത്രന്‍റെ ഭാര്യയാണ് ദീപ്തി നിഷാദ്. ബിരുദ യോഗ്യത മാത്രമുള്ള ദിപ്തിയെ ജനറല്‍ മാനേജരായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പുറത്താക്കുന്നത് വരെ തുടരുമെന്നായിരുന്നു ദീപ്തിയുടെ കുടുംബത്തിന്‍റെ മുന്‍ നിലപാട്.ഇന്നു രാവിലെയായിരുന്നു ദീപ്തി നിഷാദ് എം.ഡിക്ക് രാജിക്കത്ത് നല്‍കിയത്. രാജിവയ്ക്കാനുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് എം.ഡി അറിയിച്ചു.നിയമന വിവാദത്തില്‍ ജയരാജന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം നേരിടുന്നതും വിജിലന്‍സ് അന്വേഷണത്തിന് ആവശ്യം ഉയരുന്നതും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയുമാണ് രാജിവച്ചതെന്ന് സൂചനയുണ്ട്.നേരത്തെ ജയരാജന്‍റെ ഭാര്യ സഹോദരി പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ (കെ.എസ്.ഐ.ഇ) മാനേജിംഗ് ഡയറക്ടറായി നിയമിച്ചതും വിവാദമായിരുന്നു. ഇത് പുറത്തുവന്നതോടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.