റോം: ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ശക്തമായ മഞ്ഞിടിച്ചില്‍. മഞ്ഞിടിഞ്ഞ് വീണ് അബ്രൂസുവിലെ ഒരു ഹോട്ടല്‍ പൂര്‍ണ്ണമായി മൂടിപ്പോയി. ഹോട്ടലിലെ താമസക്കാരും ജീവനക്കാരും മുഴുവന്‍ മഞ്ഞിനടിയില്‍പെട്ടു. നിരവധി പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. അബ്രൂസുവിലെ ഗ്രാന്‍ സസ്സോ മഞ്ഞുമലയാണ് ഇടിഞ്ഞുവീണതെന്ന് രക്ഷാസംഘത്തിലെ മേധാവി അന്‍റോണിയോ ഗ്രോസെറ്റ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന റിഗോപിയാനോ ഹോട്ടല്‍ ആണ് മഞ്ഞിനടിയില്‍പെട്ടത്. ജീവനക്കാരുള്‍പ്പെടെ 30 പേര്‍ ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഇതേമേഖലയില്‍ കഴിഞ്ഞ ഓഗസ്റ്റ് 24നുണ്ടായ ഭൂകന്പത്തില്‍ 298 പേര്‍ മരണപ്പെട്ടിരുന്നു.