റോം• മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കി ഭൂചലനം. ശക്തമായ രണ്ടു ഭൂകമ്പങ്ങളെക്കൂടാതെ 60 തുടര്‍ചലനങ്ങളും ഉണ്ടായി. നിരവധി പള്ളികളും കെട്ടിടങ്ങളും തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. പരുക്കേറ്റവരെയും അസ്വസ്ഥത തോന്നിയവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ്സോ, ഉസ്സിറ്റ, കാസ്റ്റെല്‍ സാന്‍റെന്‍ഗെലോ സുല്‍ നേര എന്നിവിടങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം ഇന്നലെ രാത്രി 7.10നുണ്ടായ ആദ്യ ഭൂകമ്ബം റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തി. 6.1 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും രണ്ടു മണിക്കൂറിനുശേഷം ഉണ്ടായി. അതേസമയം, ബാക്കിയുള്ള ചലനങ്ങളെല്ലാം റിക്ടര്‍ സ്കെയിലില്‍ മൂന്നിനോടു ചേര്‍ന്നാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനമായ റോമില്‍നിന്ന് 80 മൈല്‍ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. കനത്ത മഴയും വൈദ്യുതി മുടങ്ങിയതും രാത്രിസമയത്തെ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. 3