പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 264 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സല്യൂട്ട് സ്വീകരിച്ചു.
പരിശീലനം പൂർത്തിയാക്കിയവരിൽ 15 പേര് വനിതകളാണ്. പത്തു വിദേശികളും പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടും. ശ്രീലങ്കയില്‍നിന്നുള്ള മൂന്നുപേരും മ്യാന്മര്, മൗറീഷ്യസ്, സീഷെല്‍സ് എന്നിവിടങ്ങളിൽനിന്നു രണ്ടുപേര്‍ വീതവും ടാൻസാനിയയിൽനിന്ന് ഒരാളുമാണ് പരിശീലനം പൂർത്തിയാക്കിയ വിദേശികൾ. ഇന്ത്യയും സൗഹൃദരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരമാണ് വിദേശികൾക്ക് പരിശീലനം നൽകുന്നത്. കോസ്റ്റ്ഗാര്‍ഡ് റെഗുലര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 65 കേഡറ്റുകൾ ഉള്‍പ്പെടെയുള്ളവരാണ് പരിശീലനം പൂർത്തിയാക്കിയത്.
മികച്ച നാവിക അക്കാഡമി കേഡറ്റിനുള്ള പ്രസിഡന്റ്സ് ഗോൾഡ് മെഡലിന് കിള്ളം ഷെട്ടി വികാസും നേവൽ ഓറിയന്റേഷൻ കേഡറ്റിനുള്ള ചീഫ് ഓഫ് നേവൽ സ്റ്റാഫ് ഗോൾഡ് മെഡലിന് സിദ്ധാർഥ് ശങ്കറും വനിതാ കേഡറ്റിനുള്ള മെഡലിനും സാമൂതിരി ട്രോഫിക്കും ആർ. ക്രീഷ്മയും അർഹരായി.
സമ്രത രവീന്ദ്ര ലിമിയെ, ഗൗരവ് സംഗ്വാൻ, കൃപാ സിന്ധു പട്ടേൽ, യുഗൽ ഗൗതം, ശ്രേയഷ് എസ്. ഹൻചിനൽ എന്നിവരും വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പരേഡിനുശേഷം യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ഏഴിമല നാവിക അക്കാഡമി കമാൻഡാന്റ് വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ്, നാവിക അക്കാഡമിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.