സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ നിന്നും രവീന്ദ്രനെതിരേ പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.എം. ശിവശങ്കറിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻറെ (ഇ.ഡി.) ചോദ്യത്തിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നെന്നും വിസ സ്റ്റാമ്ബിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതുതന്നെ സ്വപ്ന ആവര്‍ത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഹാജരാകാനാണ് രവീന്ദ്രനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇ.ഡി. ചോദ്യം ചെയ്യുമ്ബോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സി.എം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സംശയം. ഇതേത്തുടര്‍ന്ന് ബിനാമി ഇടപാട് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന നടത്തുന്നു.