തൃശൂർ : ജീവിതത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ പറഞ്ഞു. വഴി തെറ്റാത്ത ജീവിതത്തിലേക്ക് കുട്ടികളെ നയിക്കാൻ പുസ്തകങ്ങൾക്കാവും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളിലെ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപ്തി സ്‌കൂൾ മാനേജർ ഫാ. സെബി പാലമറ്റത്ത് സിഎംഐ അദ്ധ്യക്ഷനായിരുന്നു. സാഹിത്യകാരൻ സി ആർ ദാസ് മുഖ്യപ്രഭാഷണം നടത്തി. വായനാമത്സരം, കാവ്യാലാപനമത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രിൻസിപ്പൽ മഹിപാൽ എം വി, പ്രധാന അധ്യാപിക നീന ജോൺ സി, പി ടി എ പ്രസിഡന്റ് വിജയകുമാർ ഇ എം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്‌കൂളിൽ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങൾ വാങ്ങാം. അക്ഷരയാത്ര ആഗസ്റ്റ് 13 വരെ തൃശ്ശൂർ ജില്ലയിൽ തുടരും. ഒരു സ്‌കൂളിൽ രണ്ടു ദിവസമാണ് മേള.