തിരുവനന്തപുരം : വിദ്യാഭ്യാസം എന്നത് തലച്ചോറിന് ഭാരം നല്കുന്ന ഒന്ന് മാത്രമാകരുത്. മനസ്സിന് ശീക്ഷണം നൽകുന്നതും ചുറ്റുപാടു കളെക്കുറിച്ച് അറിവും സഹജീവികളോടുള്ള സ്നേഹവും നല്കുന്നതുമായിരിക്കണം വിദ്യാഭ്യാസമെന്ന് സംസ്ഥാന തുറമുഖ, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ. തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ ‘മെരിറ്റോ നാഷണൽ 2023’ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവും സഹജീവിസ്നേഹവും വളർത്തിയെടുത്താൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാവുകയുള്ളു വെന്നും അറിവ് നേടുന്നതിനേക്കാൾ പ്രധാനം തിരിച്ചറിവുണ്ടായിരിക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധവിഷയങ്ങളിൽ ഒന്നുമുതൽ പത്തുവരെ റാങ്ക് നേടിയ പതിനെട്ടോളം വിദ്യാർത്ഥികളെയും നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി തലത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച് മെഡൽ നേടിയ 8 വിദ്യാർത്ഥികളെയും കേരളയൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 2 വിദ്യാർത്ഥികളെയും വേദിയിൽ മൊമെന്റോ നൽകി അനുമോദിച്ചു.
മനാറുൽ ഹുദാ ട്രസ്റ്റിന്റെ ഫിനാൻസ് ഡയറക്ടർ സി എ . രാഹുൽ എസ് ആർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ എസ് എ ഷാജഹാൻ സ്വാഗതം പറയുകയും, സ്റ്റാഫ് അഡ്വൈസർ ഉബൈദ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ഫാജിബീവി എന്നിവർ ആശംസകൾ അർപ്പിക്കുകയും, വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു.നാഷണൽ കോളേജിലെ പഠനമാണ് ജീവിതം’ എന്ന മെഗാപ്രോജക്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങാണ് ‘മെരിറ്റോ നാഷണൽ -2023’