മത്സരപരീക്ഷകള്‍ക്ക് ആധുനിക പരിശീലനം : നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍സിങ് കേരളത്തില്‍

207

തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേയ്ക്കു പോയ മുന്‍ ഐപിഎസ് ഓഫീസര്‍ രാജന്‍ സിങ് ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നൂതനാശയങ്ങളുമായി കേരളത്തില്‍ പുത്തന്‍ സംരംഭത്തിന് തുടക്കമിടുന്നു.

അമേരിക്കയില്‍ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ലോക പ്രശസ്തമായ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് എംബിഎ ഏറ്റവും മികച്ച നിലയില്‍ പാസായശേഷം ബഹുരാഷ്ട്ര കമ്പനിയായ മെക്കന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ച രാജന്‍ സിങ് അതെല്ലാമുപേക്ഷിച്ച ശേഷമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓരോ വിദ്യാര്‍ത്ഥിയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിശീലനം നല്‍കി അഖിലേന്ത്യാ മത്സരപരീക്ഷകള്‍ക്കായി അവരെ പ്രാപ്തരാക്കുക എന്നതാണ് രാജന്‍സിങിന്റെ ലക്ഷ്യം. ഇതിനുവേണ്ടി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പിന് ഇതിനോടകം നിരവധി കേന്ദ്രങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചുകഴിഞ്ഞു.
കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് ബിടെക് നേടിയ ശേഷമാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ രാജന്‍സിങ് 1997 ബാച്ചില്‍ ഐപിഎസ് നേടി കേരള കേഡറിലെത്തിയത്. വെറും ആറുമാസത്തെ ഫീല്‍ഡ് പരിചയത്തോടെ തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ കമ്മീഷണറായി നിയോഗിക്കപ്പെട്ട രാജന്‍സിങ് മൂന്നു വര്‍ഷത്തിലേറെ ആ തസ്തികയില്‍ തുടര്‍ന്നശേഷം 2005ലാണ് ഐപിഎസ് ഉപേക്ഷിച്ച് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. വാര്‍ട്ടണിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള പാമര്‍ സ്‌കോളര്‍ഷിപ്പുനേടിയാണ് പഠനം പൂര്‍ത്തിയാക്കിയത്.

പഠിക്കുമ്പോള്‍തന്നെ മെക്കന്‍സിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത രാജന്‍സിങ് അവിടെത്തന്നെ ജോലിയില്‍ പ്രവേശിക്കുകയും ലോകത്തിലെ പ്രമുഖ ബാങ്കുകളുടെയും ഫാര്‍മസി കമ്പനികളുടെയും ബയോടെക് കമ്പനികളുടെയും കണ്‍സള്‍ട്ടന്റാവുകയും ചെയ്തു. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ പ്രവര്‍ത്തിച്ച രാജന്‍സിങ് നിരവധി സംരംഭകരുമായി ഇടപഴകുകയും തുടര്‍ന്ന് നാട്ടില്‍ സംരംഭകനാകാന്‍ തീരുമാനിക്കുകയുമായിരുന്നു. നന്നായി അധ്വാനിച്ചാല്‍ മികച്ച ഫലം കേരളത്തില്‍ ഉറപ്പാക്കാമെന്ന്‌രാജന്‍സിങ് പറയുന്നു.തിരുവനന്തപുരത്തെ അധികം വൈകാതെതന്നെ ആഗോള സ്റ്റാര്‍ട്ടപ് ഭൂപടത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവും തനിക്കുണ്ട്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തതുകൊണ്ടാണ് ഇവിടം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ, അധ്യാപന മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള പുതിയ സംരംഭത്തിനാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. അഖിലേന്ത്യാ മത്സരപരീക്ഷകളിലേയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് ഉടന്‍ തുടക്കമിടും. ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതിനായി സഹകരിക്കുന്നുണ്ട്. തലസ്ഥാനത്തെ ചില സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തിലെ പ്രവര്‍ത്തനം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്‌സിലും സയന്‍സിലുമായിരിക്കും പരിശീലനം നല്‍കുന്നത്. ക്രമേണ ശാസ്ത്ര വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഇതിനെ ഇന്ത്യയിലെ മികച്ച കമ്പനിയാക്കുകയാണ് ലക്ഷ്യം. രാജന്‍സിങിന്റെ ഭാര്യ ടിങ്കു ബിസ്വാള്‍ ഐഎഎസ് സംസ്ഥാന ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

NO COMMENTS

LEAVE A REPLY