പാലക്കാട് മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കാൻ സർക്കാർ നടത്തിയത് കാര്യക്ഷമായ ഇടപെടൽ- മുഖ്യമന്ത്രി

80

തിരുവനന്തപുരം : പാലക്കാട് മെഡിക്കൽ കോളേജ് സജ്ജമാകുന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ഈ സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്തിയതായും അദ്ദേഹം പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിന്റെ പുതിയ ഒ.പി ബ്ളോക്കിന്റെയും ജനറൽ മെഡിസിൻ ഐ.പി വിഭാഗത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒ.പി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 500 ബെഡുകൾ ഉള്ള ആശുപത്രി ബ്ളോക്കിനായി 330 കോടി രൂപയാണ് ഈ സർക്കാർ അനുവദിച്ചത്. ഇതിൽ ഒ.പി ബ്ളോക്കാണ് പ്രവർത്തനസജ്ജമായത്. മറ്റു ബ്ലോക്കുകൾ ഈ വർഷം തന്നെ നാടിന് സമർപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി പ്രവർത്തിച്ചിരുന്ന ഒ.പി കളാണ് ഇപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറുന്നത്. മൂന്നു ടവറുകളിലായി നാലു നിലകളിലാണ് ഒ.പി വിഭാഗം പ്രവർത്തിക്കുക. ആദ്യഘട്ടമെന്ന നിലയ്ക്ക് ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, മനോരോഗ വിഭാഗം, ത്വക്ക്രോഗ വിഭാഗം എന്നിവയുണ്ടാകും. അധികം വൈകാതെ മറ്റ് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുവരെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം ജില്ലാ ആശുപത്രിയിൽ ലഭ്യമാകും. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളില്ലാത്തതിനാൽ പാലക്കാട്ടുകാർ മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ, കോയമ്പത്തൂർ പോകേണ്ട അവസ്ഥയായിരുന്നു.

ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചതിനു പുറമേ, അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 406 തസ്തികകൾ മെഡിക്കൽ കോളേജിൽ സൃഷ്ടിച്ചു. ഒപി പ്രവർത്തനം ആരംഭിക്കുന്നതിനു മാത്രമായി 101 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതു കൂടാതെ 12 മേജർ സ്പെഷ്യാലിറ്റി ഒപികൾ, 12 അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, രാജ്യാന്തര നിലവാരത്തിലുള്ള ലെവൽ-1 ട്രോമ കെയർ, നൂതന പീഡിയാട്രിക് വിഭാഗം, എമർജൻസി മെഡിസിൻ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ന്യുമാറ്റിക് ട്രാൻസ്ഫർ സിസ്റ്റം എന്നിവയും എത്രയും വേഗം യാഥാർത്ഥ്യമാക്കും.

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളേജ് സ്ഥാപിച്ചത് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് എം.ബി.ബി.എസിന് കൂടുതൽ അവസരം ലഭ്യമാക്കാനാണ്. ആ ലക്ഷ്യം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഒട്ടേറെ നിർമാണപ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ആരംഭിക്കാനായി.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ ബ്ളോക്ക്, അക്കാദമിക് ബ്ളോക്ക് എന്നിവ പൂർത്തിയായിരുന്നു. ഇതിനുപുറമേയാണിപ്പോൾ ഒ.പി ബ്ളോക്കും യാഥാർഥ്യമായത്.
പട്ടികജാതി, പട്ടികവർഗ വികസനത്തിന് മുന്തിയ പരിഗണനയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നത്. അധിക ബജറ്റ് വിഹിതം അനുവദിച്ച് മാതൃകാപരമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

NO COMMENTS