പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.ഈ നേട്ടങ്ങൾ കാത്തു സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്‌നം നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കടുത്തെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടി ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതു കേരളത്തെയാണ്. സ്‌കൂൾ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളി ൽ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേർന്ന കുട്ടികൾ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂർത്തീ കരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകർ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നാല് മിഷനുകളെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആയിരുന്നു. ആ മിഷന്റെ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവികസനത്തിൽ വൻകുതിച്ചുചാട്ടമാണ് ഉണ്ടായത്.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങൾക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നമ്മൾ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഭൗതിക സൗകര്യവികസനത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഇന്നത്തെ വിദ്യാഭ്യാസം എന്നും മന്ത്രി പറഞ്ഞു. അക്കാദമിക ഗുണമേന്മയും വേണം. അക്കാദമിക രംഗത്ത് ചില തിരുത്തലുകൾ വരുത്തി പോകേണ്ടതുണ്ട്. ഈ തിരുത്തലുകൾക്കാണ് നാം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ(കേരളം) ഡോ. ജയപ്രകാശ് ആർ.കെ, സമഗ്ര ശിക്ഷാ കേരളം സേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, വിദ്യാകിരണം മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.