രണ്ടു മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ ഈജിപ്ത് സുരക്ഷാസൈനികരുമായുണ്ടായ വെടിവയ്പില്‍ കൊലപ്പെട്ടു

235

കയ്റോ • മുസ്ലിം ബ്രദര്‍ഹുഡിന്റെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ ഈജിപ്ത് സുരക്ഷാസൈനികരുമായുണ്ടായ വെടിവയ്പില്‍ കൊലപ്പെട്ടു. മുസ്‍ലിം ബ്രദര്‍ഹുഡിന്റെ സായുധവിഭാഗം സ്ഥാപകനായ മുഹമ്മദ് കമാല്‍ (61), മറ്റൊരു നേതാവ് യാസര്‍ ഷെഹാത അലി രജാബ് എന്നിവരെയാണു വധിച്ചത്. ഡോക്ടറായ കമാല്‍ മുസ്ലിം ബ്രദര്‍ഹുഡില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന കമാലിന് കോടതി നേരത്തേ വധശിക്ഷ വിധിച്ചതാണ്.കയ്റോയ്ക്കു സമീപം ഒരു വീട്ടില്‍ ചിലര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാസേന ഇവിടെ എത്തിയത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവയ്പുണ്ടായി. ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സി 2013ല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടശേഷം നടന്ന രാഷ്ട്രീയകലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ആയിരക്കണക്കിനു ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണ്.
മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയശേഷം മുസ്ലിം ബ്രദര്‍ഹുഡിനെ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY