മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വൊര്‍ക്കാടി ബാക്രബയല്‍ കജെ ഹൗസില്‍ അഹമ്മദ് കുഞ്ഞി വോട്ടുചെയ്തശേഷം മഷി പുരട്ടിയ ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാട്ടി ആരോടെന്നില്ലാതെ ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു -”ഞാന്‍ മരിച്ചിട്ടില്ല, ഇനിയും വോട്ടുചെയ്യും”.
വൊര്‍ക്കാടി ഗ്രാമപ്പഞ്ചായത്തിലെ ബാക്രബയല്‍ എ.യു.പി. സ്‌കൂളിലെ 41-ാം നമ്ബര്‍ ബൂത്തിലെ 738-ാം നമ്ബര്‍ വോട്ടറാണ് ഇക്കുറി അഹമ്മദ് കുഞ്ഞി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസഹായമില്ലാതെ വോട്ടുചെയ്ത എണ്‍പതുകാരനായ അദ്ദേഹം ഇക്കുറി മക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണു ബൂത്തിലെത്തിയത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അഹമ്മദ് കുഞ്ഞിയെ സമന്‍സ് അയച്ച് വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്.
അഹമ്മദ് കുഞ്ഞി ഉള്‍പ്പെടെ ‘മരിച്ച’ രണ്ടുപേര്‍ വോട്ടുചെയ്തുവെന്നും 259 കള്ളവോട്ട് നടന്നുവെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചി രുന്നെങ്കിലും കോടതിനടപടി തുടരുന്നതിനാല്‍ അത് ഒരുവര്‍ഷം നീണ്ടു. ഏറ്റവുമൊടുവില്‍ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.
2017 ജൂണ്‍ 15-ന് ഹൈക്കോടതിയില്‍ നടന്ന തെളിവെടുപ്പിനിടെ കോടതിമുറിക്കുള്ളില്‍ ചിരിച്ചുകൊണ്ട് അന്നും അഹമ്മദ് കുഞ്ഞി വിളിച്ചുപറഞ്ഞിരുന്നു- ഞാന്‍ മരിച്ചിട്ടില്ല, ഇനിയും വോട്ടുചെയ്യും. ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ 2018 ഒക്ടോബര്‍ 20-ന് പി.ബി. അബ്ദുള്‍ റസാഖ് അന്തരിച്ചു.