കോണ്‍ഗ്രസ് അധ്യക്ഷനായി ദളിത് വിഭാഗത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവോ അല്ലെങ്കില്‍ യുവരക്തമോ വരുമെന്ന് ഏറക്കുറെ ഉറപ്പായി. മുതിര്‍ന്ന നേതാവും ദളിത് വിഭാഗത്തില്‍നിന്നുള്ളയാളുമായ സുശീല്‍ കുമാര്‍ ഷിന്ദേ, യുവനേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. പരിഗണിച്ചിരുന്ന ആറുപേരുകളിലൊന്നായ മീരാകുമാറിനെ ഇപ്പോള്‍ ആരും പിന്തുണയ്ക്കുന്നില്ല.
അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതിയില്‍ യുവാവ് വേണമെന്ന നിര്‍ദേശത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നതെങ്കില്‍ സച്ചിന്‍ പൈലറ്റോ ജ്യോതിരാദിത്യസിന്ധ്യയോ കോണ്‍ഗ്രസ് അധ്യക്ഷനാവും. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള അടിത്തറപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് സച്ചിന് മുന്‍തൂക്കം നല്‍കുന്നത്.
മധ്യപ്രദേശിലെ ഗുണയില്‍ തോറ്റെങ്കിലും വ്യക്തിത്വവും ആജ്ഞാശക്തിയുമാണ് ജ്യോതിരാദിത്യസിന്ധ്യയെ പരിഗണിക്കുന്നതിനുള്ള കാരണങ്ങള്‍. പരിചയസമ്ബന്നനെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ദളിത് വിഭാഗത്തില്‍നിന്ന് മാത്രമാവും. ഷിന്ദേയെ കൂടാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, മുകുള്‍ വാസ്‌നിക് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.