യു പി തെരെ‌ഞ്ഞെടുപ്പ്; 60 ശതമാനത്തിലധികം പോളിംഗ്

242

ഉത്തര്‍പ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പിലും പോളിംഗ് 60 ശതമാനത്തിന് മുകളിൽ. ബി ജെ പിക്ക് അനുകൂലമായ സുനാമിയാണ് യു പിയിൽ ഉണ്ടാകുന്നതെന്ന് ബി ജെ പി നേതൃത്വം അവകാശപ്പെട്ടു. നാലാംഘട്ടത്തോടെ യു പിയിൽ 263 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. അലഹാബാദ് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള സരസ്വതി വിദ്യാലയത്തിലെ ബൂത്തിലടക്കം നഗരപ്രദേശങ്ങളിൽ പോളിംഗ് ശതമാനം പൊതുവെ കുറഞ്ഞു. എന്നാൽ ബുന്ദേൽകണ്ഡിലെയും റായ്ബറേലിയിലെയും മണ്ഡലങ്ങളിൽ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. അലഹബാദ് നഗരത്തിലെ സരസ്വതി വിദ്യാലയത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കേശവ് പ്രസാദ് മൗറിയ വോട്ടുചെയ്തത്. പോളിംഗ് ബൂത്തിലേക്ക് കേശവ് പ്രസാദ് മൗരിയ താമര ചിഹ്നമുള്ള ബാഡ്‍ജ് ധരിച്ചെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ദളിത്, ഒ ബി സി, ബ്രാഹ്മിണ്‍, ഠാക്കൂര്‍ സ്വാധീനമേഖലയിലാണ് നാലാംഘട്ട വോട്ടെടുപ്പ്. കോണ്‍ഗ്രസിന്‍റെ തട്ടകമായ റായ്ബറേലിയിലും ജനങ്ങൾ വിധിയെഴുതി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഭിന്നിച്ചുപോയ ദളിത് വോട്ടുകൾ തിരിച്ചുപിടിക്കാൻ പരിശ്രമിക്കുന്ന മായാവതിയെ സംബന്ധിച്ച നാലാംഘട്ടം നിര്‍ണായകമായിരുന്നു. പ്രചരണത്തിൽ എസ്‍പി-കോണ്‍ഗ്രസ് സഖ്യം ഏറെ മുന്നിലായിരുന്നെങ്കിലും ആശങ്കകൾ ഇല്ലെന്നാണ് ബി ജെ പി വ്യക്തമാക്കിയത്. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലേക്ക് കൂടി വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി അവശേഷിക്കുന്നത് ഗോരക്പ്പൂര്‍, വാരാണസി ഉൾപ്പടെയുള്ള മേഖലകളിലെ 140 മണ്ഡലങ്ങൾ മാത്രമാണ്. 263 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോഴും ഒരുപാര്‍ടിക്കും വ്യക്തമായ മേൽകൈ പ്രകടമല്ല.

NO COMMENTS

LEAVE A REPLY