ലഖ്നൗ: ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 57.36 ശതമാനം പോളിങ്. 1.84 കോടി വോട്ടര്‍മാര്‍ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തു. 11 ജില്ലകളിലെ 51 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 608 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ-നേപ്പാള്‍ റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരുന്നു. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഈ മേഖലയിലെ 52ല്‍ 37 സീറ്റും എസ്.പി. നേടിയിരുന്നു. എസ്.പി. സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെത്തുടര്‍ന്ന് അംബേദ്കര്‍ നഗര്‍ ജില്ലയിലെ ആലാപുര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്ബതിലേക്ക് നീട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധിക്കും നിര്‍ണായകമായിരുന്നു അഞ്ചാംഘട്ടം വോട്ടെടുപ്പ്. ഇരുവരുടെയും ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാഹുലിന്റെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ നാലു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എസ്.പി.യും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാതെ പരസ്പരം പോരാടുന്ന മണ്ഡലങ്ങള്‍ കൂടിയാണിത്. വിവാദമന്ത്രിയും എസ്.പി. നേതാവുമായ ഗായത്രിപ്രസാദ് പ്രജാപതി അമേഠിയില്‍നിന്ന് ജനവിധിതേടി. അമേഠിയെക്കൂടാതെ സുല്‍ത്താന്‍പുരിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള സുല്‍ത്താന്‍പുര്‍ ബി.ജെ.പി. നേതാവ് വരുണ്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ്.