ലണ്ടന്‍: ജൂണ്‍ എട്ടിനു പൊതുതിരഞ്ഞെടുപ്പു നടത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തിനു പാര്‍ലമെന്റിന്റെ അംഗീകാരം. ജനപ്രതിനിധി സഭയില്‍ 522 അംഗങ്ങളാണു പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. 13 അംഗങ്ങള്‍ എതിര്‍ത്തു. തിരഞ്ഞെടുപ്പു നേരത്തേയാക്കുന്നതു രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നു ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സാധാരണനിലയില്‍ 2020 ലാണ് അടുത്ത തിരഞ്ഞെടുപ്പു നടക്കേണ്ടത്. 1974ലാണ് ഇതിനു മുമ്പ് രാജ്യത്ത് ഇടക്കാല പൊതു തിരഞ്ഞെടുപ്പു നടന്നത്. ഖനി തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ശക്തമായ ജനപിന്തുണ ആവശ്യപ്പെട്ടു പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹീത്ത് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ തൂക്കു പാര്‍ലമെന്റിനായിരുന്നു ജനങ്ങള്‍ വിധിയെഴിതിയത്. ശക്തമായ തിരിച്ചുവരവു പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഹീത്തിനു ലഭിച്ച തിരിച്ചടിപോലെ ബ്രെക്‌സിറ്റിന്റെ പേരിലുള്ള അമിത ആത്മവിശ്വാസം തെരേസ മേയ്ക്കും തിരിച്ചടിയാകുമോ എന്നാണു കണ്ടറിയേണ്ടത്.