ലക്നൗ • ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. 15 ജില്ലകളിലെ 73 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് 11നു നടക്കും. പ്രശ്നബാധിത മണ്ഡലങ്ങളായ മുസാഫര്‍നഗര്‍, ഷംലി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പു നടക്കും. എസ്പി-കോണ്‍ഗ്രസ് സഖ്യം, ബിജെപി, ബിഎസ്പി എന്നിവര്‍ തമ്മിലാണു മുഖ്യമല്‍സരം. ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന 73 സീറ്റുകളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2012) ബിജെപി 11 സീറ്റുകള്‍ മാത്രമാണു നേടിയത്. എസ്പിയും ബിഎസ്പിയും 24 സീറ്റുകള്‍ വീതം. അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡി ഒന്‍പതും കോണ്‍ഗ്രസ് അഞ്ചും സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, 2014ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖല ബിജെപി തൂത്തുവാരി.
1.17 കോടി സ്ത്രീകളടക്കം 2.57 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. ഇതില്‍ 24.25 ലക്ഷം 18-19 വയസ്സുകാരാണ്.
അതിനിടെ, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എസ്പി-ബിഎസ്പി പ്രവര്‍ത്തകര്‍ തമ്മില്‍ ഹത്രാസ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തില്‍ ബുലാന്ത്ഷാര്‍ ജില്ലയിലെ ഖുര്‍ജയ്ക്കു സമീപം വെടിയുണ്ടകളേറ്റ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ സഹോദരനാണു കൊല്ലപ്പെട്ടവരിലൊരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.